Welcome to SSFMEDIA.com

സാമ്രാജ്യത്വത്തെ പ്രതിരോധിക്കേണ്ടത് ജീവതം കൊണ്ട്: എം എ « Welcome to Siraj Daily – The international malayalam newspaper since 1984

Thursday, 28 February 20130 comments


പണ്ഡിത ലോകത്തെ കുലപതിയും മദ്രസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിമാരില്‍ ഒരാളുമായ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുമായി സിറാജ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ മുസ്തഫ പി എറയ്ക്കല്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്
? പഠനം, ഔപചാരിക വിദ്യാഭ്യാസം
= ്യൂഞങ്ങളുടെ വീടാണ് ആദ്യത്തെ മദ്‌റസ. അമ്മാവന്മാരായിരുന്നു ഗുരുനാഥന്‍മാര്‍. ചുറ്റുപാടുള്ളവരൊക്കെ ഞങ്ങളുടെ വീട്ടില്‍ വന്നാണ് ഖുര്‍ആന്‍ പഠിച്ചിരുന്നത്. പിന്നീട് പള്ളിയില്‍ കിതാബ് ഓതാന്‍ പോയി. അതോടൊപ്പം അഞ്ചാം ക്ലാസ് വരെ സ്‌കൂളിലും പഠിച്ചു.
? ഉസ്താദിന്റെ എഴുത്തില്‍ മലയാളത്തിന്റെ പരിഷ്‌കൃത ശൈലിയും ഭാഷാരീതിയും കാണാറുണ്ട്. ഒരു സാഹിത്യപ്രധാനമായ രൂപഭംഗി തന്നെ അവക്കുണ്ട്. അതെങ്ങനെ രൂപപ്പെട്ടു.
= അതങ്ങനെ രൂപപ്പെടുത്തിയതൊന്നുമല്ല. ഒരു മനുഷ്യന് ജന്മനായുള്ള വാസനയാണല്ലോ എന്തെങ്കിലും വിഷയം അറിയാന്‍ ശ്രമിക്കുകയെന്നത്. അതെനിക്കുമുണ്ടായി എന്നു മാത്രം. ആദ്യം മാതൃഭൂമിയൊക്കെ കാണുമായിരുന്നു. അന്നത്തെ ദേശീയ പത്രമാണല്ലോ. പൗരശക്തി എന്നൊരു പത്രം കാസര്‍ക്കോട് നിന്ന് ഇറങ്ങിയിരുന്നു. മുസ്‌ലിം പത്രമാണ്. പിന്നെ ചന്ദ്രിക. അങ്ങനെ അച്ചടിച്ചു വരുന്നതൊക്കെ ശ്രദ്ധിക്കും. അതല്ലാതെ ഭാഷാപരമായി ബോധപൂര്‍വം ശ്രമങ്ങളൊന്നും നടത്തിയിട്ടില്ല.
? അന്ന് പത്രങ്ങളില്‍ എഴുതുമായിരുന്നോ.
= ചില പ്രതികരണങ്ങള്‍ എഴുതുമായിരുന്നു. അല്ലാതെ സാഹത്യവുമായി എനിക്ക് വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. ഇന്നത്തെ സാഹിത്യവുമായി ഒട്ടും ബന്ധമില്ല. ഭാഷയില്‍ എന്തെല്ലാം പരിഷ്‌കരണങ്ങളാണ് വന്നത്. പല പരിഷ്‌കരണങ്ങളും ഭാഷയെ കൊല്ലുകയാണ്. നമ്മുടെ ഭാഷയില്‍ മാത്രമല്ല, അറബിയിലുമുണ്ട് ഈ പ്രശ്‌നം ഗുരുതരമായി. ഖുര്‍ആന്റെ ഭാഷയാണ് ഏറ്റവും നേരായ സാഹിത്യം. അതിലുണ്ട് എല്ലാം. അറബി ഭാഷയുടെ സൗന്ദര്യം മുഴുവന്‍ അവിടെയാണുള്ളത്. അതില്‍ നിന്ന് ജനങ്ങളെ അകറ്റേണ്ടത് പാശ്ചാത്യരുടെ ആവശ്യമായിരുന്നു. അതിനവര്‍ പുതിയ ഭാഷാ മാതൃകകള്‍ സൃഷ്ടിച്ചു. ഇംഗ്ലീഷിന്റെ പാറ്റേണിലേക്ക് അറബിയെ തരം താഴ്ത്തി. അതിന് നേതൃത്വം നല്‍കിയത് മുഹമ്മദ് അബ്ദയാണ്. അയാള്‍ ഫ്രാന്‍സില്‍ ചെന്നു ഇംഗ്ലീഷ് സാഹിത്യം പഠിച്ചു. എന്നിട്ട് ഇംഗ്ലീഷ് രീതി അറബിയിലേക്ക് കൂട്ടിക്കുഴച്ചു. റശീദ് രിള, ജമാലുദ്ദീന്‍ അഫ്ഗാനി, ഇന്ത്യയില്‍ നിന്ന് സര്‍ സയ്യിദ് അഹ്മദ് ഖാന്‍- ഇവരായിരുന്നു ആ സംഘത്തിലെ പ്രധാനികള്‍. അവര്‍ ഭാഷയുടെ അന്തകരായിരുന്നു.
അപ്പോള്‍ നിങ്ങള്‍ ചോദിക്കും; സഅദിയ്യയില്‍ ആ അറബി സാഹിത്യം പഠിപ്പിക്കുന്നുണ്ടല്ലോ എന്ന്. ലോകവുമായി ബന്ധപ്പെടാന്‍ പുതിയ ഭാഷാരീതി വേണമെന്നായിരിക്കുന്നു. കിതാബുകളില്‍ നിന്നുള്ള ഭാഷാ പഠനം മതിയാകാത്ത നിലയിലേക്ക് പുത്തന്‍ ഭാഷാ സമ്പ്രദായം വളര്‍ന്നു വന്നിട്ടുണ്ട്. അറബി അദബില്‍ വിശദീകരണമാണ് നിറയെ. സ്ഥൂലമായ വിവരണങ്ങളാണ് പുതിയ രീതി. പണ്ട് അതല്ല. പഴയ അറബിയില്‍ ഒരുപാട് വ്യംഗങ്ങളുണ്ട്. കുറഞ്ഞ വാക്കുകള്‍ കൊണ്ട് ഒരു കൂട്ടം ആശയങ്ങള്‍ വരുന്നു. ഇന്ന് കുറേ പറഞ്ഞാലും ഒരു ആശയം ഉരുത്തിരിയുന്നില്ല.
? ഉസ്താദിനെ സ്വാധീനിച്ച ഗുരുനാഥന്മാര്‍.
= സ്വന്തം ഉസ്താദ് എന്ന് പറയാവുന്നത് ശാഹുല്‍ ഹമീദ് തങ്ങളാണ്. അദ്ദേഹം പരമ സ്വാത്വികനായിരുന്നു. ഹാഫിളാണ്. അതേ അവസരം ലോക കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നയാളുമാണ്. അദ്ദേഹത്തിന്റെ സ്വാധീനം തന്നെയാണ് പൊതുകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിന് എന്നെ പ്രചോദിപ്പിച്ചത്. പിന്നെ പത്രങ്ങളില്‍ എഴുതാന്‍ പറവണ്ണയെ പോലുള്ളവര്‍ പ്രോത്സാഹിപ്പിച്ചു. ‘നീ എഴുതിക്കോ, ഞങ്ങള്‍ തിരുത്തിക്കോളു’മെന്നവര്‍ ധൈര്യം തന്നു.
? സ്വന്തം നിലക്ക് ദര്‍സ് തുടങ്ങിയത്.
= എന്റെ ഗുരുനാഥന്‍ താമസിച്ച മഹല്ലില്‍ തന്നെയായിരുന്നു തുടക്കം. അഞ്ചോ ആറോ കുട്ടികള്‍ ഉണ്ടായിരുന്നു. എല്ലാവരും നാട്ടുകാരുടെ കുട്ടികള്‍. അന്ന് ദര്‍സിനോടൊപ്പം വയോജന ക്ലാസ് പോലെ ഒന്നുണ്ടായിരുന്നു. മഗ്‌രിബിന് ശേഷമുള്ള ക്ലാസില്‍ നാട്ടുകാരുമിരിക്കും. കുട്ടികള്‍ക്കാണ് ക്ലാസ്. പക്ഷേ, മുതിര്‍ന്നവരും ശ്രോതാക്കളാകും. പൊതുജനങ്ങള്‍ക്കു ഉപകാര പ്രദമാകുന്ന വിഷയങ്ങളാണ് ഈ ക്ലാസിന് തിരഞ്ഞെടുക്കുക. നാട്ടില്‍ വലിയ ചലനമുണ്ടാക്കിയ സംവിധാനമായിരുന്നു അത്.
? എങ്ങനെയാണ് ഈ ‘സംയുക്ത ക്ലാസുകള്‍’ കുറ്റിയറ്റു പോയത്.
= സ്ഥാപനങ്ങള്‍ വന്നത് കൊണ്ടെന്ന് ചിലര്‍ പറയുന്നു. ദര്‍സുകള്‍ തന്നെ അപ്രത്യക്ഷമാവുകയാണല്ലോ. പിന്നെ, അയഞ്ഞ ഘടന ഗുണകരമാകില്ലെന്ന വിലയിരുത്തലും പഴയ സംവിധാനങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ കാരണമായി. പുതിയ രൂപത്തില്‍ മുതിര്‍ന്നവര്‍ക്ക് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുന്നുണ്ടല്ലോ.
? എങ്ങനെയാണ് മദ്‌റസാ പ്രസ്ഥാനവുമായി ബന്ധപ്പെട്ടത്. സംഘടന നിയോഗിക്കുകയായിരുന്നോ.
= ആരെങ്കിലും ഏല്‍പിച്ചുവെന്ന് പറയാനാകില്ല. മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു ഞാന്‍ ലേഖനമെഴുതുന്ന കാലത്ത് ആരും അതേക്കുറിച്ചു ഗൗരവപൂര്‍വം ചിന്തിച്ചിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.
? ഉസ്താദ് അതേക്കുറിച്ചു ചിന്തിക്കാന്‍ കാരണം.
= ഖുര്‍ആന്‍ പഠനത്തിലുള്ള സമുദായത്തിന്റെ പിന്നാക്കാവസ്ഥ തന്നെ. ബ്രിട്ടീഷ് സര്‍ക്കാര്‍ അന്ന് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സ്‌കൂളില്‍ അധ്യാപകനെ നിയമിക്കാറുണ്ടായിരുന്നു. അയാള്‍ തോന്നിയ സമയത്ത് വന്ന് എന്തെങ്കിലും പറഞ്ഞു കൊടുത്തെങ്കിലായി. ഒരു വ്യവസ്ഥയുമില്ല. ബാക്കി സമയം മുഴുവന്‍ ഭൗതിക പഠനമാണ്. യഥാര്‍ഥത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലക്ഷ്യം മതപഠനത്തെ തന്ത്രപരമായി ഉന്മൂലനം ചെയ്യലായിരുന്നു. ഇത് ശരിയല്ലെന്ന ചിന്ത ശക്തിയായി ഉയര്‍ന്നു വരാന്‍ തുടങ്ങി. അന്ന് തളിപ്പറമ്പില്‍ പാങ്ങുകാരനും കണ്ണൂരില്‍ മൂസക്കുട്ടി ഹാജിയും തിരൂരങ്ങാടിയില്‍ കോയക്കുട്ടി ഹാജിയും അനുജന്മാരും മദ്‌റസാ പാഠ്യപദ്ധതി ആവിഷ്‌കരിച്ചു പരിമിതമായെങ്കിലും നടപ്പിലാക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള പ്രചോദനവും കൂടിയാണ് മദ്‌റസ പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചു അല്‍ബയാനില്‍ ലേഖനമെഴുതാന്‍ ഇടയാക്കിയത്. 1951-ല്‍ സമസ്തയുടെ വടകര സമ്മേളനത്തിന്റെ രണ്ടോ, മൂന്നോ ദിവസം മുമ്പായിരുന്നു അതെന്നാണ് എന്റെ ഓര്‍മ. എല്‍ പി, യു പി, സെക്കന്‍ഡറി മാതൃകയില്‍ മദ്‌റസകള്‍ വേണമെന്നായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. സമസ്ത സമ്മേളനത്തില്‍ അത് ചര്‍ച്ചക്കു വന്നു.
1947-ല്‍ സ്വാതന്ത്ര്യം നേടിത്തന്നത് ഗാന്ധിജിയാണെന്നാണല്ലോ പറയുന്നത്. അദ്ദേഹത്തിന്റെ ആശയമെന്താണ്? സര്‍വ മതവും കലക്കിക്കുടിച്ച ഒരു മനുഷ്യനാവുക എന്നതായിരുന്നു. എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്ന് പറഞ്ഞ അദ്ദേഹത്തിന് പക്ഷേ, മതവിദ്യാഭ്യാസത്തെക്കുറിച്ചു യാതൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. ഭൗതികതയിലൂന്നിയ ബേസിക് വിദ്യാഭ്യാസത്തിനായിരുന്നു മുന്‍ഗണന. ഈ പദ്ധതിക്ക് ഗാന്ധിജിയുടെ വലം കൈയായി നിന്നത് രാജാജിയായിരുന്നു.
ഇത് പോരെന്നും ഓരോ എല്‍ പി സ്‌കൂളിനോട് ചേര്‍ന്നും എല്‍ പി തലത്തിലുള്ള മദ്‌റസ വേണമെന്നും ഞാന്‍ ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. അത് മുകള്‍ തലത്തിലും വേണം. അതിന് സിലബസും വേണം. സമസ്ത മുശാവറയുടെ ചര്‍ച്ചക്കൊടുവില്‍ പറവണ്ണ ചെയര്‍മാനായി ഒരു സമിതി രൂപവത്കരിച്ചു. സ്വാഭാവികമായും ഞാനും സമിതിയില്‍ അംഗമായി. അക്കൂട്ടത്തില്‍ ഏറ്റവും ചെറുപ്പം ഞാനായിരുന്നു. 25ന് താഴെയായിരുന്നു വയസ്സ്. മദ്‌റസ പ്രസ്ഥാനത്തിന്റ കാര്യത്തില്‍ എനിക്ക് മുമ്പില്‍ മാതൃകകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ചുരുക്കം.
? ഇന്ന് മദ്‌റസാ വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്? ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമ്മള്‍ തന്നെ തുടങ്ങുന്നുണ്ട്. അവ മദ്‌റസകള്‍ക്ക് ഭീഷണിയുമാണ്.
= ഹയര്‍സെക്കന്‍ഡറി തലം വരെ മദ്‌റസകള്‍ വ്യവസ്ഥാപിതമായി നടക്കുന്നുണ്ട് കേരളത്തില്‍. സിലിബസും ബോധനരീതിയും അങ്ങേയറ്റം പരിഷ്‌കരിക്കാനും സാധിച്ചിട്ടുണ്ട്. സി ബി എസ് ഇ വിദ്യാഭ്യാസ രീതി മദ്‌റസകളെ ബാധിച്ചുവെന്നത് ശരിയാണ്. അത് മറികടക്കാന്‍ ശ്രമം നടക്കേണ്ടതുണ്ട്. ദേശീയ തലത്തില്‍ പുതിയ വിദ്യാഭ്യാസ പദ്ധതി വരാന്‍ പോകുകയാണ്. അതുകൊണ്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ വേണ്ടെന്നു വെക്കാനാകാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെ ഇത്തരം സ്ഥാപനങ്ങളില്‍ മതപഠനം കാര്യക്ഷമമായി നിലനിര്‍ത്തിക്കൊണ്ടു പോകണമെന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്.
?ഈ തിരക്കേറിയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പുസ്തക രചനകള്‍ക്കെങ്ങനെ സമയം കണ്ടെത്തി.
= സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്കനുസൃതമായി പുസ്തകങ്ങള്‍ എഴുതേണ്ടി വന്നു. വയോജന ക്ലാസിനെ സംബന്ധിച്ചു നേരത്തെ പറഞ്ഞല്ലോ. അതില്‍ സംബന്ധിക്കാന്‍ വരുന്നവരില്‍ പലരും മഹാസാധുക്കളാണ്. അടിസ്ഥാന പരമായ അറിവ് പോലുമില്ലാത്തവര്‍. മയ്യിത്ത് പരിപാലനത്തിന്റെ കാര്യമെടുക്കാം. ഇതെങ്ങനെ നിര്‍വഹിക്കണമെന്ന് ആര്‍ക്കുമറിയില്ല. ഒരു മരണം സംഭവിച്ചാല്‍ അടുത്ത പ്രദേശത്ത് നിന്ന് അല്‍പം പഠിച്ച ആരെയെങ്കിലും കൊണ്ടു വരികയായിരുന്നു പതിവ്. അവര്‍ ചെയ്യുന്നത് തന്നെ നിയമം. ഇതാണ് പല ആചാരങ്ങളുടെയും സ്ഥിതി. പലതും മഹാ അബദ്ധമായിരുന്നു. മട്ടന്നൂരില്‍ ഞാന്‍ ഈ വിഷയത്തില്‍ ഒരു ക്ലാസ് വെച്ചു. അതിനെക്കുറിച്ചു കേട്ടറിഞ്ഞ തൊട്ടടുത്ത മഹല്ലുകാര്‍, അത്തരമൊരു ക്ലാസ് വേണമെന്ന ആവശ്യവുമായി വന്നു. ഇതേ തുടര്‍ന്നു ക്ലാസില്‍ പറഞ്ഞ കാര്യങ്ങള്‍ പുസ്തകമാക്കാന്‍ തീരുമാനിച്ചു. അതാണ് ആദ്യത്തെ പുസ്തകം. അറബ്മലയാളത്തിലാണ് ഇതെഴുതിയിരുന്നത്. പിന്നെ സംസ്‌കരണം എന്ന പേരില്‍ മലയാളത്തിലാക്കി. കുട്ടികള്‍ക്കു പഠിക്കാനുള്ള താരീഖായിരുന്നു അടുത്ത പുസ്തകം. ഓരോ പ്രശ്‌നം വരുമ്പോഴും പടച്ച റബ്ബ് തോന്നിപ്പിക്കും; എഴുതണമെന്ന്. സാഹിത്യത്തിനോ, പുസ്തക രചനക്കോ വേണ്ടിയുള്ള എഴുത്തല്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. ഉദാഹരണമായി കമ്യൂണിസം വലിയ വിപത്തായി വളരുന്നുവെന്നു തോന്നിയപ്പോള്‍, അതേക്കുറിച്ചു പഠിച്ചു ‘കമ്യൂണിസം, സോഷ്യലിസം, ഇസ്‌ലാം’എന്ന പുസ്തകമെഴുതി.ശരീഅത്ത് കോലാഹല കാലത്ത്, അഭ്യസ്തവിദ്യരില്‍ പലരും തെറ്റായ ധാരണയിലേക്ക് വഴുതുന്നുവെന്ന് ബോധ്യപ്പെട്ടപ്പോള്‍, അത് സംബന്ധിച്ചു പുസ്തകമെഴുതി. തബ്‌ലീഗിനെതിരെ, ജമാഅത്തിനെതിരെ ഒക്കെ എഴുതി. ഇങ്ങനെ അതാത് കാലത്തെ പ്രശ്‌നങ്ങളോട് എഴുത്തിലൂടെ പ്രതികരിക്കുകയായിരുന്നു.
മതബോധനം, ധാര്‍മികത
? മുസ്‌ലിംകള്‍ക്കിടയില്‍ മതബോധന സംവിധാനങ്ങള്‍ക്കു ഒരു കുറവുമില്ല. എല്ലാ സംഘടനകളും അവരവരുടെ നിലക്ക് ഏറെക്കുറെ വ്യവസ്ഥാപിതമായി ഇത്തരം സംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്. എന്നിട്ടും സമൂഹത്തില്‍ ഒരു ധാര്‍മിക മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല.
= തികച്ചും ഇടകലര്‍ന്ന സമൂഹമാണ് നമ്മുടേത്. അനുകരണങ്ങള്‍ക്കു സാധ്യതയേറെയാണ്. പാശ്ചാത്യമൂല്യങ്ങള്‍ക്കാണ് മേല്‍ക്കൈ. ഹൈന്ദവവും ക്രൈസ്തവവുമായ സമ്പ്രദായങ്ങളും പകര്‍ത്തപ്പെടുന്നു. സമൂഹത്തിലാകെയുണ്ടാകുന്ന മൂല്യച്യുതി മുസ്‌ലിംകളെ പാശ്ചാത്യ അനുകരണക്കാരാക്കുകയാണ് ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും എത്ര വ്യത്യസ്തമാണ്. വന്നു വന്നു അമ്പലത്തിലെ ഉത്സവവും പള്ളിയിലെ ഉറൂസും ഒന്നിച്ചു നടത്താമെന്നായില്ലേ?
? ദഅ്‌വാ കോഴ്‌സുകള്‍ ഉദ്ദേശിച്ച ഫലം ഉളവാക്കിയോ.
= ആധുനിക കാലത്തോട് സംവദിക്കാന്‍ കഴിവുള്ള ഒരു സംഘത്തെ സൃഷ്ടിക്കാന്‍ നമുക്ക് സാധിച്ചുവെന്നതാണ് ദഅ്‌വാ കോളജിന്റെ വിജയം. പക്ഷേ, സിലബസും പരീക്ഷയുമൊക്കെയായപ്പോള്‍ ഇല്‍മിന്റെ അഗാധത നിലനിര്‍ത്താനായില്ല. ദര്‍സില്‍ ഒരു കിതാബ് ഒരു പ്രാവശ്യം ഓതി നിര്‍ത്തുകയല്ല. സംശയം തീര്‍ത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു പഠിക്കുകയാണ്. ദര്‍സില്‍ പഠിച്ചവര്‍ക്ക് ഗഹനമായ അറിവ് ഉണ്ടായിരുന്നു. ദര്‍സുകള്‍ ശോഷിച്ചതിന്റെ വേദന എന്നെ വല്ലാതെ അലട്ടാറുണ്ട്.
? വിദ്യാഭ്യാസ രംഗത്ത് താങ്കളും എ പി ഉസ്താദും ചേര്‍ന്നു വലിയ മാറ്റമുണ്ടാക്കി. കൂടുതല്‍ കുട്ടികളെ അത് ഉള്‍ക്കൊണ്ടു. പക്ഷേ, ഹയര്‍സെക്കന്‍ഡറിക്കപ്പുറത്തേക്ക് അത് വളര്‍ന്നില്ല.
= ശരിയാണ്. ഡിഗ്രി, പ്രൊഫഷനല്‍ രംഗത്ത് ഇപ്പോഴും നമുക്ക് ശോഭിക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസരംഗം നമ്മുടെ നേരായ സമീപനത്തിന് ചേര്‍ന്നതല്ലെന്നതാണ് അതിന്റെ പ്രധാന കാരണം. അവിടെ രാഷ്ട്രീയ സ്വാധീനവും പണവുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ന് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നത് തന്നെ ബിസിനസ്സിന് വേണ്ടിയാണ്. നമ്മുടെ സഹജമായ ബോധം അതിനെതിരാണ്. എങ്കിലും മുസ്‌ലിം വിദ്യാര്‍ഥികളെ കൂടുതല്‍ മുന്നോട്ട് നയിക്കാനുള്ള വഴി കണ്ടെത്തേണ്ടതുണ്ട്.
ആഗോള സുന്നിസം
? ആഗോള സമൂഹവുമായി സംവദിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചു ഉസ്താദ് പറഞ്ഞല്ലോ. എന്നാല്‍ ആഗോള സുന്നീ പണ്ഡിത സമൂഹത്തെ മലയാളിക്കു പരിചയപ്പെടുത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ. ഇറാനിലെ ശിയാക്കളും ഏതാനും രാജ്യങ്ങളിലെ ചുരുക്കം വഹാബികളും ഒഴിച്ചാല്‍ ലോകത്തെങ്ങും സുന്നി ധാരയാണല്ലോ.
= അതൊരു വീഴ്ചയല്ല. ഒരു സംഘടിത രൂപം പണ്ഡിതര്‍ക്കിടയില്‍ ആഗോളവ്യാപകമായി ഉണ്ടായിട്ടില്ല. ഒരിക്കല്‍ കുവൈത്തിലെ യൂസുഫുല്‍ ഹാശ്മി രിഫാഇയുമായി ഞാന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ലോകോത്തര പണ്ഡിതനും എല്ലാ രാജ്യങ്ങളിലെയും മുസ്‌ലിംകളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണദ്ദേഹം. എന്നോടദ്ദേഹം ഉന്നയിച്ച ഒരു ചോദ്യത്തില്‍ നിങ്ങളുടെ സംശയത്തിന് മറുപടിയുണ്ട്. ‘സുന്നി പണ്ഡിതന്മാരെ സംഘടിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്ന ഏതെങ്കിലുമൊരു മുസ്‌ലിം ഭരണാധികാരിയെ ചൂണ്ടിക്കാണിച്ചു തരുമോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാന്‍ ആലോചിച്ചു നോക്കി. ഇല്ലെന്നു തന്നെയായിരുന്നു എന്റെ മറുപടി. രാഷ്ട്ര തലവന്മാര്‍ക്കു മതബോധമില്ല. ഈജിപ്തിലെ ഹുസ്‌നി മുബാറക്കിന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹം ഇപ്പോള്‍ ചെയ്തതെന്താണ്. അല്‍അസ്ഹര്‍ സര്‍വകലാശാലയുടെ സ്വതന്ത്ര പദവി എടുത്തു കളഞ്ഞു സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി.
സാമ്രാജ്യത്വ കടന്നു കയറ്റം
? സാമ്രാജ്യത്വത്തിന്റെ പുതിയ തന്ത്രങ്ങളെന്തൊക്കെയാണ്.
= ഇസ്‌ലാമിനെ തകര്‍ക്കാന്‍ വേണ്ടി കൊണ്ടുവന്ന ഭീകരവാദവും ഇസ്‌ലാമോഫോബിയയുമാണ് ഏറ്റവും പുതിയ തന്ത്രം. ഒപ്പം ഭിന്നിപ്പിക്കല്‍ തന്ത്രവും. ചാവേര്‍ സ്‌ഫോടനത്തെക്കുറിച്ചു മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായില്ലേ? അതിനെ അനുകൂലിച്ചും ഫത്‌വ വന്നു. ബുര്‍ഖ നിരോധനത്തെ തന്‍ത്വാവി പിന്തുണച്ചു. അങ്ങനെ ഏത് കാര്യത്തിലും ഭിന്നിപ്പിക്കാന്‍ അവര്‍ക്കു സാധിക്കുന്നു. ഈ ഭിന്നത അവരുടെ വിജയമല്ലേ? ഒരൊറ്റ രാജ്യത്തിനും സാമ്രാജ്യത്വത്തെ നേര്‍ക്കുനേരെ എതിര്‍ക്കാന്‍ ധൈര്യമില്ല. ഒരു ഖദ്ദാഫിക്കോ, നജാദിനോ ഒന്നും ചെയ്യാനാകില്ല. യു എന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും കിഴക്കന്‍ ജറൂസലമിലെ അനധികൃത കുടിയേറ്റം നിര്‍ത്താന്‍ ഇസ്‌റാഈല്‍ തയാറായില്ലല്ലോ. അവര്‍ക്ക് അമേരിക്കയുടെ പിന്തുണയുണ്ട്.
പിന്നെ, സാമ്രാജ്യത്വത്തെ നാം ജീവിതം കൊണ്ട് പ്രതിരോധിക്കുകയാണ് വേണ്ടത്. നമ്മുടെ വേഷം, വസ്ത്രം, ഭക്ഷണം തുടങ്ങി സര്‍വവും പാശ്ചാത്യ അനുകരണമാകുകയാണ്. ഈ സൂപ്പര്‍ മാര്‍ക്കറ്റും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും വന്നത് അവിടെ നിന്നല്ലേ? മുസ്‌ലിംകളാണ് ഏറ്റവും കൂടുതല്‍ ഇതിന് വഴങ്ങുന്നത് എന്നതാണ് ദുഃഖകരം. നമ്മള്‍ മുമ്പ് നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇന്നോ എല്ലായിടത്തും തീന്‍മേശയായി. പഴയതെന്ന് പറഞ്ഞു തള്ളിക്കളഞ്ഞവ തിരിച്ചു പിടിക്കുകയേ വഴിയുള്ളു.
കോടതി, മാധ്യമങ്ങള്‍ 
? കോടതിയുടെ ഇടപെടല്‍ മുമ്പെന്നെത്തേക്കാളും ശക്തമായിരിക്കുന്നു. ബഹുഭാര്യത്വം, വിവാഹബാഹ്യ ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ കോടതി അതിരുവിട്ട പരാമര്‍ശങ്ങളാണ് നടത്തിയത്.
= കോടതി മുറിയിലിരിക്കുന്നവരുടെ വിവരത്തിന്റെ ആഴമാണ് ഈ പരാമര്‍ശങ്ങളില്‍ കാണുന്നത്. വിവാഹബാഹ്യ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയോ? എന്ത് വിവരക്കേടാണ് പറയുന്നത്. കോടതികളില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാനൊക്കൂ. കാരണം അവരുടെ പഠനം പാശ്ചാത്യ മൂല്യങ്ങളിലൂന്നിയാണ്. പാശ്ചാത്യ അവബോധമാണ് അവരെ നയിക്കുന്നത്. ഏതെങ്കിലും പൗരസ്ത്യ സമൂഹം ഇതംഗീകരിക്കുമോ? കുടുംബ ബന്ധത്തിനും വിവാഹത്തിനും വളരെയേറെ പ്രാധാന്യം കല്‍പിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന കോടതികള്‍ക്കു ഇത് പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്. അതാണ് ഞാന്‍ പറഞ്ഞ പാശ്ചാത്യദാസ്യം.
? മാധ്യമങ്ങള്‍ മുസ്‌ലിം സമുദായത്തെ ആസൂത്രിതമായി ആക്രമിക്കുന്നു.
= ശരിയാണ്. പക്ഷേ, അവര്‍ മുസ്‌ലിംകളെ ആക്രമിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍, സാമ്രാജ്യത്വത്തിന് വേണ്ടി എഴുതുന്നു എന്ന് പറയുന്നതാകും ശരി. മുസ്‌ലിംകള്‍ സാമ്രാജ്യത്വത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവായതിനാല്‍ മാധ്യമങ്ങളുടെയും ഇരയാകുന്നുവെന്ന് മാത്രം. സാമ്രാജ്യത്വം നേരിട്ട് നടത്തുന്ന പരിപാടിയല്ല ഇത്. സയണിസ്റ്റ്- സാമ്രാജ്യത്വ പൊതുബോധത്തില്‍ അകപ്പെടുകയാണ്. പിന്നെ ആ അവബോധത്തിന്റെ പ്രചാരകരായി മാധ്യമങ്ങള്‍ മാറുന്നു.
ഇസ്‌ലാമിനെയെന്നല്ല,ഒരു ശത്രുവിനെയും സാമ്രാജ്യത്വം ഇന്ന് നേരിട്ട് ആക്രമിക്കുന്നില്ല. ഗൂഢമായ തന്ത്രങ്ങളാണ് അവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ഈ തന്ത്രത്തിന്റെ നടത്തിപ്പുകാരാണ് മാധ്യമങ്ങള്‍. ഇതിന് ബദല്‍ ഉണ്ടാകേണ്ടതുണ്ട്. പക്ഷേ, അതത്ര എളുപ്പമല്ല.
പ്രസ്ഥാനത്തിന്റെ ഭാവി
? കേരളീയ സമൂഹത്തില്‍ സുന്നി പ്രസ്ഥാനത്തിന്റെ ഭാവിയിലെ സ്ഥാനവും, വികാസവും എങ്ങനെയായിരിക്കും. പുതു തലമുറ സംഘടനയെ നന്നായി നയിക്കുമോ.
= ഒരു നേതൃനിരയെ അല്ലാഹു വിളിക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് കാര്യശേഷിയുള്ളവര്‍ ഉയര്‍ന്നു വരുന്നു. അതുകൊണ്ട് ഭാവിയിലും സംഘടനയെ നയിക്കാന്‍ കരുത്തുറ്റ നിര ഉയര്‍ന്നു വരുമെന്ന് നാം പ്രതീക്ഷിക്കുക.
വലിയ മാറ്റങ്ങള്‍ നാം ഉണ്ടാക്കി. മുസ്‌ലിം സംഘടനകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് മാതൃക സൃഷ്ടിച്ചു. വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാക്കി. പുത്തന്‍ വാദത്തെ പ്രതിരോധിച്ചു. എന്നാല്‍ വിദ്യാസമ്പന്നരായ പുതുതലമുറയെ പാശ്ചാത്യ ചിന്താഗതികള്‍ നന്നായി സ്വാധീനിക്കുകയും അതുവഴി പുത്തന്‍ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാവുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. ഇതിന് തടയിടേണ്ടതുണ്ട്. സാമൂഹിക മാറ്റവും ഉണ്ടാകേണ്ടതുണ്ട്. ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്.
? സുന്നി ഐക്യത്തെക്കുറിച്ച്..
= സുന്നി ഐക്യം ആവശ്യമാണ്. ഞാന്‍ അതിനായി കുറേ ശ്രമിച്ചിരുന്നു. മുഹമ്മദ് അലി ശിഹാബ് തങ്ങളുമായി ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിക്കുകയും മറുഭാഗവുമായി സംസാരിക്കട്ടെയെന്ന് പറയുകയും ചെയ്തു. പിന്നീട് അതേക്കുറിച്ചൊന്നും പറഞ്ഞു കേട്ടില്ല. അവരെ കണ്ടിട്ട് ഫലമുണ്ടായിക്കാണില്ല. ഇനി ആരാണ് അതിന് മുന്‍കൈ എടുക്കുക .ഹൈദറലി ശിഹാബിന് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
ഇരു വിഭാഗത്തിനും താത്പര്യമുണ്ടെങ്കിലേ യോജിപ്പുണ്ടാകുകയുള്ളു. മറുഭാഗം ഐക്യം ആഗ്രഹിക്കുന്നില്ല. ധിക്കാരവും വികാരവുമാണ് അവരെ നയിക്കുന്നത്. നമ്മള്‍ സത്യവും ശാന്തതയുമാണ് കാംക്ഷിക്കുന്നത്. ഈ വൈരുധ്യം ഉള്ളിടത്തോളം ഐക്യം സാധ്യമാകില്ല.
Share this article :

Post a Comment

 
Support : Cara Gampang | Creating Website | Johny Template | Mas Templatea | Pusat Promosi
Copyright © 2011. MEDIA Room - All Rights Reserved
Template Created by Creating Website Modify by CaraGampang.Com
Proudly powered by Blogger