Welcome to SSFMEDIA.com

കാന്തപുരം കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടു; മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ല: ആഭ്യന്തരമന്ത്രി

Wednesday, 19 December 20120 comments

ബംഗളുരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ വിചാരണത്തടവിനെ മനുഷ്യാവകാശ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തത് ഇന്ത്യന്‍ പൗരസമൂഹത്തിന്റെ വളര്‍ച്ചയില്ലായ്മയാണ് കാണിക്കുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.
മഅ്ദനിക്ക് ജാമ്യം ലഭിക്കാനാവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കണമെന്നും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ആഭ്യന്തരമന്ത്രി ആര്‍. അശോക് എന്നിവരെ സന്ദര്‍ശിച്ച ശേഷം ബംഗളൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാന്തപുരം. അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന മഅ്ദനിയുെയും കാന്തപുരം സന്ദര്‍ശിച്ചു.
മഅ്ദനിയുടെ നീണ്ട വീചാരണത്തടവ് നീതി നിര്‍വഹണ രംഗത്തെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജൂഡീഷ്യറിയെക്കുറിച്ച് നാം അവകാശപ്പെടാറുള്ള സുതാര്യതക്ക് കോട്ടം സംഭവിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് നിയമവ്യവസ്ഥയെ തന്നെ ദുര്‍ബലമാക്കും. ഒരാളുടെ മതവിശ്വാസമോ രാഷ്ട്രീയ നിലപാടുകളോ അയാളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കാനുള്ള കാരണമാകുന്നുണ്ടെങ്കില്‍ അതിനര്‍ഥം നമ്മുടെ സ്വാതന്ത്ര്യം അപൂര്‍ണമാണെന്നാണ്. മഅ്ദനിയുടേത് പോലുള്ള പൗരപ്രശ്‌നങ്ങളെ മതപ്രശ്‌നമാക്കി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്.
മഅ്ദനിയുടെ കാര്യത്തില്‍ നിയമം നിയമയത്തിന്റെ വഴിക്ക് എന്ന് പറഞ്ഞ് മാറിനില്‍ക്കുന്നവര്‍ ഖേദിക്കേണ്ടിവരും. നിയമം നേര്‍വഴിക്ക് നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. നിയമം നിയമത്തിന്റെ വഴിക്കല്ല, നീതിയുടെ വഴിക്ക് സഞ്ചരിക്കുമ്പോഴേ സ്വാതന്ത്ര്യം പൂര്‍ണാര്‍ത്ഥത്തില്‍ എത്തുകയുള്ളൂ. മഅ്ദനിയുടെ കാര്യത്തില്‍ നിയമവ്യവസ്ഥയെ ഇവ്വിധം തുടരാനനുവദിക്കുന്നത് നീതിന്യായ നിര്‍വഹണ രംഗത്ത് തെറ്റായ കീഴ് വഴക്കങ്ങള്‍ക്ക് ഇടയാക്കും. അത് ആത്യന്തികമായി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സന്ദര്‍ശിച്ച കാന്തപുരം ഇതുസംബന്ധിച്ച് നിവേദനം നല്‍കി. ആശാവഹമായ പ്രതികരണമാണ് മന്ത്രിമാരില്‍ നിന്ന് ഉണ്ടായതെന്ന് കാന്തപുരം പറഞ്ഞു. കോടതിനടപടിക്രമങ്ങളുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മഅ്ദനിയുടെ കാര്യത്തില്‍ മാനുഷിക പരിഗണന നല്‍കിക്കൊണ്ടുള്ള നിലപാടെടുക്കുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതായി കാന്തപുരം പറഞ്ഞു. മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്നാണ് ആഭ്യന്തരമന്ത്രി സൂചിപ്പിച്ചത്. നമ്മുടെ ജനാധിപത്യ മതേതര നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവും കടപ്പാടും ഊട്ടിയുറപ്പിക്കുന്ന നടപടി ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു. എസ് വൈ എസ് കേരള സംസ്ഥാന പ്രസിഡന്റ് പൊ•ള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മര്‍കസ് വൈസ് പ്രിന്‍സിപ്പല്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, രിസാല പത്രാധിപര്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, കര്‍ണാടക വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅദി, എസ് എസ് എഫ് അഖിലേന്ത്യാ കണ്‍വീനര്‍ റഊഫ് ബംഗളൂരു എന്നിവര്‍ കാന്തപുരത്തോടൊപ്പമുണ്ടായിരുന്നു.
Share this article :

Post a Comment

 
Support : Cara Gampang | Creating Website | Johny Template | Mas Templatea | Pusat Promosi
Copyright © 2011. MEDIA Room - All Rights Reserved
Template Created by Creating Website Modify by CaraGampang.Com
Proudly powered by Blogger